2012, ഏപ്രിൽ 8, ഞായറാഴ്‌ച

കാമുകി.


ഫോണില്‍ അലാറം അടിച്ചപ്പോള്‍ കണ്ണ് തുറക്കാതെ തന്നെ
തപ്പിയെടുത്തു  നിര്‍ത്തി വച്ചു.....ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.
കണ്ണ് തുറക്കാതെ തന്നെ അരയിലെ ഉടുമുണ്ട് തപ്പി നോക്കി....ഈശ്വരാ...
എല്ലാം സ്ഥാനം തെറ്റി കിടക്കുന്നു...ലൈറ്റിടാതെ തന്നെ എല്ലായിടവും
തപ്പി നോക്കി..ഇരുട്ടിലാണല്ലോ നമ്മുടെ കൈകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം
കൈവരുന്നത്..പുലര്‍ച്ചകളില്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുന്നത് സൂര്യന്‍ മാത്രമല്ല
എന്ന് ഞാന്‍ പണ്ടേ തിരിച്ചറിഞ്ഞിട്ടുള്ളതാണ്..
 ഇന്നലെ രാത്രി കിടക്കാന്‍ നേരം മനോഹരമായി വിരിച്ച കിടക്കവിരി എല്ലാം
അലങ്കോലമായിരിക്കുന്നു..ഏതു വഴിയാണ് അവള്‍ വരിക എന്നറിയാത്തത്
ഞാന്‍ തന്നെയാണ് ജാലകങ്ങളും വാതിലുകളും തുറന്നു വച്ചത് ..കൃഷ്ണ പക്ഷത്തിലെ
രാത്രി ആയിട്ട് കൂടി പുറത്തു നാട്ടു വെളിച്ചം ഒഴുകി പരന്നിരുന്നു..ജഗജീത്‌ സിംഗിന്റെ
അനശ്വരമായ ശബ്ദ മാധുരി കേട്ട് കൊണ്ടാണ് കിടന്നത് ..........
രാവിന്‍റെ ഏതു യാമാത്തിലാണാവോ അവള്‍ വന്നത്..ഞാന്‍ കാത്തിരിക്കുമ്പോഴോന്നും
വരാറി ല്ലവള്‍. ആഗ്രഹിക്കാത്ത നേരത്തും ജോലിക്കിടയിലും  വന്നു കണ്‍പോളകള്‍ അടക്കാന്‍
ശ്രമിക്കും .. ..  വാ പിടിച്ചു വലിച്ചു തുറക്കും..കുസൃതിക്കാരി..
അവളെന്നെ കഴിഞ്ഞ രാത്രിയില്‍ പല വട്ടം അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടിയിട്ടുണ്ട്..
എന്റെ തൊണ്ടക്കുഴിയില്‍ പൊത്തിയും ചുണ്ടുകള്‍ കോണിച്ചും മൂക്ക് അമര്‍ത്തിയും
പല ശബ്ദാനുകരണങ്ങളും എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു കാണും..
ഉടുമുണ്ട് വലിച്ചു വാരിയുടുത്തു ടൂത്ത്‌  ബ്രഷുമായി ബാത്ത്റൂമില്‍ പോയി ഒരു
കൈക്കുടന്ന വെള്ളം എടുത്തു മുഖത്തേക്ക് ആഞൊഴിച്ചപ്പോള്‍ ആണ് അവള്‍ കണ്ണില്‍
നിന്നും ഇറങ്ങി ഓടിയത് ...അഹങ്കാരി......


2012, ഏപ്രിൽ 7, ശനിയാഴ്‌ച

ഭൂപടം.


മാറ്റങ്ങളോടൊന്നു മാറ്റുരക്കാനായി

ഭൂപടം തന്നെയും മാറ്റി വരപ്പവര്‍

കേരള ഭൂപടം മാറ്റി വരപ്പവര്‍

ലാലൂരും വിളപ്പിലും പെട്ടിപ്പാലവും

ഭൂപടത്തില്‍ നിന്നും മായ്ച്ചേ കളയുന്നോര്‍

ഭരണ ചക്രം സുഗമാമായ്‌ തിരിക്കുവോര്‍

ഭരണാധികാരികള്‍ എന്നും ജയിപ്പവര്‍

സുന്ദരകേരളം എന്ന സ്വപ്നം

ശാശ്വതമാക്കുവാന്‍ ഏറെ ശ്രമിപ്പവര്‍

ചക്രം തിരിക്കുവോര്‍ മാറീടുമെങ്കിലും

തിരിയും ചക്രത്തിന് മാറ്റമില്ല

അനിവാര്യമായോരാ മാറ്റത്തിനായ്

ശ്രമിക്കുന്ന നമ്മളോ ''ചക്ര''ശൂന്യര്‍

വര്‍ണ്ണങ്ങള്‍ ചാലിച്ച തൂലിക തുമ്പിനാള്‍

ദീനമാം കാഴ്ചകള്‍ വരച്ചു കാണിച്ചവര്‍

പുഴുവരിക്കുന്നോരാ മ്ലേച്ച മാലിന്യം

ക്യാമറ കണ്ണാല്‍ ഒപ്പിയെടുത്തവര്‍

ശബ്ദ നിശബ്ദം അരങ്ങില്‍ നിരന്നവര്‍

എല്ലാം പിരിഞ്ഞു പോയ്‌ അന്യരായി..

ശിരസ്സുയര്‍ത്തുന്നോരീ മാലിന്യമലയുടെ

താഴ്വാരത്തിന്നുനാം ഏകരായി..

ആകാശ ഗോപുര മാളിക കെട്ടി

അതിനൊപ്പമുള്ള മതില്‍ പണിഞ്ഞ്

സഹജീവികളാ൦ ഞങ്ങളെ മാറ്റി നിര്‍ത്തി

നിന്റെ മാലിന്യം മുഴുവനെന്‍ നെഞ്ചിലിട്ടു

ശാലീന സുന്ദരമായോരെന്‍ ഗ്രാമം നീ

നിന്‍റെ ഉച്ചിഷ്ട ഭരണിയാക്കിയില്ലേ....